നാട്ടുപക്ഷി നിരീക്ഷണം

കേരള വനംവകുപ്പിന്റെ സാമൂഹ്യ വനവൽക്കരണവിഭാഗവും നിരവധി എൻ.ജി.ഒ സംഘങ്ങളും ഒത്തുചേർന്ന് കേരളത്തിലെ നാട്ടുപക്ഷികളുടെ നിരീക്ഷണം (Common Bird Monitoring Programme – CBMP) സംഘടിപ്പിക്കുന്നു. ലോകത്താകമാനം നടത്തിവരുന്ന Great Backyard Bird Count (GBBC) എന്ന പ്രോഗ്രാമുമായി ഇത് വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. GBBC അമേരിക്കയിലാണ് ആദ്യം തുടങ്ങിയത്. കഴിഞ്ഞ വർഷം ലോകത്തുള്ള 101 രാജ്യങ്ങൾ ഇതിൽ പങ്കെടുത്തു. e‐BIRD (www.ebird.org) എന്ന പേരിലുള്ള ഏകീകരിച്ച രീതിയിലൂടെയാണ് ഇത് ചെയ്യുന്നത്. ഇതിന്റെ രീതി വളരെ ലഘുവായതിനാൽ ഏതൊരു പക്ഷിനിരീക്ഷകനും ഇതിലേക്ക് സംഭാവന നൽകാൻ എളുപ്പമായിരിക്കും. അതുകൊണ്ടുതന്നെ നാടൻപക്ഷികളെക്കുറിച്ചുള്ള ബൃഹത്തായൊരു ഡാറ്റാബേസായിരിക്കും ഇതിൽ നിന്നും ലഭിക്കുക. നാടൻ പക്ഷികളെയും അതിന്റെ ആവാസവ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനായി പ്രാദേശികമായ അവബോധവും പ്രാതിനിധ്യവും വർദ്ധിപ്പിക്കുന്നതിന് ഇത് വളരെയധികം ഉപകരിക്കും. 2014 ഫെബ്രുവരി 14 മുതൽ 17 വരെയുള്ള ദിവസങ്ങളിലായിരിക്കും ഇത് നടക്കുക. www.ebird.org എന്ന സൈറ്റിൽ അക്കൗണ്ട് തുടങ്ങി ആർക്കു വേണമെങ്കിലും ഇതിൽ പങ്കെടുക്കാവുന്നതാണ്. ഓരോ ദിവസവും 15 മിനിറ്റേ ഇതിനായി ചെലവഴിക്കേണ്ടതുള്ളൂ. ഇത് സജന്യമാണ്, രസകരമാണ്, ഒപ്പം എളുപ്പവുമാണ്. പക്ഷിനിരീക്ഷണത്തിൽ തുടക്കം കുറിക്കുന്നവർ മുതൽ വിദഗ്ധരായവർ വരെ ആർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. നിങ്ങൾക്കെവിടെവേണമെങ്കിലും പക്ഷികളെ നിരീക്ഷിക്കാം, നിങ്ങളുടെ വീട്ടുമുറ്റത്തോ, പാർക്കിലോ, പാടത്തോ, കാട്ടിലോ, എവിടെയും. കൂടുതൽ രസകരമാക്കാനായി നിങ്ങളുടെ സുഹൃത്തുക്കളെയും അയൽക്കാരെയും ഇതിൽ കൂട്ടാം. അങ്ങനെ നമുക്കീ നാട്ടുപക്ഷികളുടെയും കൃത്യമായ ഒരു ഡാറ്റാബേസ് ലോകത്താകമാനം ഉണ്ടാക്കിയെടുക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യാം.